ശിൽപ്പങ്ങളുടെ ദേവലോകതേക്ക് – കൈലാസനാഥർ ക്ഷേത്രം

756
Kailasanathar-temple-kaanchi-puram
ADVERTISEMENT

ബസ്സ്റ്റാൻഡിൽ നിന്നും രണ്ട് കിലോമീറ്റര് ദൂരെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഓട്ടോയ്‌ക്കൊക്കെ ഭയങ്കര ചാർജ് ആണ് ബസ്സുകൾ വളരെ കുറവും, നടക്കാൻ തന്നെ തീരുമാനിച്ചു, പോകുന്ന വഴിക്കാണ് മറ്റു പ്രധാന ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്…

നടക്കുന്നതിനിടക്ക് എന്നേംകൊണ്ടേ പോകുന്നൊള്ള മട്ടിൽ പുറകെ ഒരു ഓട്ടോക്കാരൻ കൂടി, അങ്ങനെ അവസാനം അതിൽ കേറി ക്ഷേത്രത്തിനടുത് എത്തി. വലിയ ആളനക്കം ഒന്നും ഇല്ലാത്തൊരു സ്ഥലം സഞ്ചാരികളും തീരെ കുറവാണ്. ഞാൻ ഈ ക്ഷേത്രം തന്നെ തിരഞ്ഞെടുക്കാൻ കാരണം ഇതുവരെ കണ്ട ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായ എന്തോ ഒരു ഭംഗി ഇതിനുണ്ട്. വലുപ്പം കൊണ്ട് ചെറുതാണെങ്കിലും നിർമാണ ശൈലികൊണ്ട് അത്രക്ക് ഭംഗിയുണ്ട് കൈലാസനാഥർ ക്ഷേത്രത്തിന്. തമിഴ്നാട്ടിലെ തന്നെ പ്രാചീന ക്ഷേത്രങ്ങളിലൊന്നാണ് കൈലാസനാഥർ ക്ഷേത്രം. എട്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെ‌ട്ട ഈ ക്ഷേത്രം ശിവന് സമർപ്പിക്കപ്പെ‌ട്ടതാണ്. പല്ലവ രാജവംശത്തിലെ രാജസിംഹ പല്ലവന്റെ കാലത്താണ് നിർമ്മാണം ആരംഭിച്ചതെങ്കിലും അദ്ദേഹത്തിന്റെ മകനായ മഹേന്ദ്ര വർമ്മ പല്ലവനാണ് നിർമ്മാണം പൂർത്തിയാക്കിയത്. കലകളോടും നിർമ്മാണ വിദ്യയോടുമുള്ള സ്നേഹത്തിനു പേരുകേട്ടവരാണ് പല്ലവ രാജാക്കൻമാർ.

ADVERTISEMENT

പച്ച പുല്ലു വിരിച്ചു മനോഹരമാക്കിയ മുറ്റവും ചുറ്റും വലിയ മരങ്ങളും, അമ്പലത്തോളം ഉയരമുള്ള ഒരു മതില്കെട്ടും അതിനുള്ളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രവും. പ്രധാന വാതിലിലൂടെ അകത്ത് കയറി… ഇതേതോ ദേവലോകത്തേക്ക് ആണല്ലോ എത്തിയത് എന്ന് തോന്നിപ്പിക്കും വിധം ചുറ്റും ശില്പങ്ങളുടെ മാന്ദ്രിക ലോകമാണ്, ആ മതിലുകൾക്കുള്ളിൽ നിൽക്കുന്ന ആദ്യ നിമിഷം തോന്നുന്നത് ഇതുപോലൊന്ന് മറ്റെവിടെയും ഉണ്ടാകില്ലല്ലോ എന്ന ആശ്ചര്യമാണ്… ശാന്തമായ ഒരിടം, അങ്ങ് ദൂരെ നിന്നും മേഘങ്ങൾക്കിടയിലൂടെ അസ്തമയ സൂര്യന്റെ സ്വർണ്ണ രസ്മികളും…. കല്ലിൽ തീർത്ത ഈ ശിൽപ്പ ലോകവും എന്റെയുള്ളിൽ പകർന്ന അനുഭവം മനസ്സിലിപ്പോഴും മായാതെ നിൽക്കുന്നുണ്ട്.

ചിന്തകൾക്ക് അതീതമായ സൗന്ദര്യം ശില്പങ്ങളിൽ പകർന്നു വെച്ചിരിക്കുകയാണ്. ശിവപാര്‍വതിമാരുടെ നൃത്തമത്സരരംഗങ്ങളാണ് ഇവിടുത്തെ ശില്‍പ്പവേലകളുടെ പ്രധാന വിഷയം. സൂക്ഷ്മ ഭാവങ്ങള്‍. ചിരിക്കുന്ന, കളി പറയുന്ന, കോപിക്കുന്ന, പരിഹസിക്കുന്ന മുഖങ്ങള്‍…കാലം ഇത്ര കഴിഞ്ഞിട്ടും അതിനുമുമ്പിൽ തളരാതെ നിൽക്കുന്ന മനുഷ്യ സൃഷ്ട്ടികൾ നമ്മെ നിശബ്തരാക്കും.ഓരോ രാജവംശവും മുന്‍പുള്ളവരേക്കാള്‍ മികവുറ്റ കലാസൃഷ്ടികളെ മത്സരിച്ച് സംഭാവന ചെയ്യുകയായിരുന്നു. പഴയതൊന്നും നശിപ്പിക്കാതെതന്നെ. അങ്ങനെ കാലങ്ങളായി ഉരുത്തിരിഞ്ഞു വന്നതാണ് കാഞ്ചീപുരം.

ശ്രീകോവിലെ ഇരുട്ടിലുള്ള വിഗ്രഹത്തിൽ ഒളിഞ്ഞിരിക്കുന്നൊരു അത്ഭുതം ഉണ്ട്, പൂജ നേരം വിഗ്രഹത്തിനു മുന്നിൽ ദീപമുയര്‍ത്തുമ്പോള്‍ കോപിഷ്ഠനായ ശിവനേയും പുഞ്ചിരിക്കുന്ന പാര്‍വ്വതിയേയും കണ്ടു. ദീപം താഴ്ത്തുമ്പോഴാവട്ടെ, ശിവപ്പെരുമാളിന്റെ മുഖത്ത് പുഞ്ചിരിയും ദേവിയുടെ മുഖത്ത് ലജ്ജയും! ഇതും ദ്രാവിഡ ശില്‍പ്പവിദ്യയുടെ മായാജാലം ആവാനേ വഴിയുള്ളു… അകത്തേയ്ക്ക് കയറാൻ ചെറുതായി കുനിയുകയും പിന്നീട് നടന്ന് വലംവയ്ക്കുകയും, അവസാനം കുനിഞ്ഞ് തന്നെ പുറത്തേയ്ക്ക് വരികയും ചെയ്യുന്ന രീതിയിലാണ് ഇവിടെ പ്രദക്ഷിണം. ചെറുപ്പം, യൗവനം, വർദ്ധക്യം എന്നീ മൂന്ന് അവസ്ഥകളെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്. ഇങ്ങനെ പ്രദക്ഷിണം ചെയ്യുന്നവർക്ക് പരമശിവൻ പുനർജന്മം നൽകി കഷ്ടപ്പെടുത്തുകയില്ലെന്ന് ഭക്തർ വിശ്വസിക്കുന്നു.

ചുറ്റു മതിലിന്റെ ഉൾ ഭാഗം ഒരായിരം ശില്പങ്ങളാൽ സമ്പന്നമാണ് ഇങ്ങനൊരു മതിൽ ആദ്യമായിട്ടാണ് കാണുന്നത്. എത്രയോ ആംഗിളിൽ നിന്ന് എത്രയോ രീതിയിൽ ഫോട്ടോസ് എടുത്തു, എത്രയെടുത്തിട്ടും മതിയാവാത്തൊരു ഭംഗി. ഈ യാത്രയിൽ എനിക്കേറ്റവും പ്രിയപ്പെട്ടൊരിടമായി ഇവിടം മാറിക്കഴിഞ്ഞു. ആറുമണി വരെയാണ് ക്ഷേത്രത്തിനകത്തേക്ക് പ്രവേശം ഒള്ളു. സത്യം പറഞ്ഞാൽ അവിടുന്ന് പോകാൻ തോന്നുന്നില്ലായിരുന്നു. പുറത്തിറങ്ങി നേരം ഇരുട്ടുന്നത് വരെ അസ്തമയ സൂര്യന്റെ നിറപ്പകിട്ടിൽ ആ സൃഷ്ടിയെ ആസ്വദിച്ചങ്ങനെ ഇരുന്നു.വന്ന വഴിയിലൂടെ തന്നെ തിരിച്ചു നടന്നു പോകാം എന്ന് തീരുമാനിച്ചു, ഏഴുമണിയോടെ നല്ല ഇരുട്ട് വീണിരുന്നു, തഞ്ചാവൂർ നഗരം തിരക്കിട്ട് ഓടിക്കൊണ്ടിരിക്കുകയാണ്, ആ തിരക്കിലൂടെ വേണം ആ നാടിനെ അറിയാൻ, ആ മനുഷ്യരെ അറിയാൻ. വിശപ്പ് ഉള്ളിൽ ആളി കത്തുന്നുണ്ട് തഞ്ചാവൂരിന്റെ രുചികൾ അതടക്കാൻ വഴിയരികിൽ നിരന്നിരിക്കുന്നു ഉണ്ടായിരുന്നു … യാത്രകളിലെ ഏറ്റവും മനോഹര അനുഭവമാണ് ഒരു നാട്ടിലെ നഗര ഹൃദയത്തിലൂടെ നടക്കുമ്പോൾ നമുക്ക് ലഭിക്കുന്നത്. ഏതാനും വരികളില്‍ ഒതുക്കാവുന്നതല്ല കാഞ്ചീപുരത്തിന്റെ അനുഭവങ്ങൾ. രണ്ടായിരത്തി അഞ്ഞൂറോളം വര്‍ഷങ്ങളുടെ തെളിവുകള്‍ പോറലേല്‍ക്കാതെ നിശബ്ദം നില്‍ക്കുകയല്ലേ…

കാഞ്ചീപുരത്തിന്റെ തെരുവുകളിലൂടെ പഴമയെ പ്രണമിക്കാതെ ആര്‍ക്ക് കടന്നുപോവാനാവും!… കാഴ്ചകൾ ഇവിടെ തീരുകയാണ് രാത്രി പത്തുമണിക്ക്‌ ബാംഗ്ളൂരിലേക്ക് ഒരു KSRTC ബസ്സ് ഉണ്ട്, അഞ്ച് മണിക്കൂർ യാത്രയുണ്ട്…. നാളെ ബാംഗ്ളൂരിന്ന് നേരെ വയനാട്…

ഈ യാത്ര കാഞ്ചീപുരത്ത് അവസാനിക്കുകയാണ്, ഏതൊരു സഞ്ചാരിയും ആഗ്രഹിക്കുന്നതുപോലെ ഞാനും ആഗ്രഹിച്ചു പോയി, ഈ യാത്ര ഇവിടെ തീരാതിരുന്നെങ്കിൽ എന്ന്… അത്രമേൽ പ്രിയപെട്ടതാവുകയാണ് ഓരോ യാത്രകളും.

നമ്മുടെ ലൈഫിൽ ഒരിക്കെലെങ്കിലും, ഇന്ത്യയിൽ ജനിച്ചു വളർന്ന ഒരു വ്യക്തി എന്ന നിലയിൽ ഒരിക്കെലെങ്കിലും കണ്ടിരിക്കേണ്ട അത്ഭുത സൃഷ്ടികളാണ് ഞാനീ കണ്ടവയെല്ലാം… ഇനിയുമുണ്ട് ഒരുപാട് കാണാൻ.. എന്താണ് കുറെ അമ്പലങ്ങൾ കാണുമ്പോൾ കിട്ടുന്നത് എന്ന് ചിലരെങ്കിലും ചിന്തിച്ചേക്കാം, ഒരു ഭക്തനായിട്ടല്ല ഞാൻ ഈ അമ്പലങ്ങൾ എല്ലാം കണ്ടത്, ഒരു സഞ്ചാരിയുടെ കണ്ണിലൂടെ ആണ്, അങ്ങനെ കാണുമ്പോൾ എനിക്ക് കിട്ടുന്നവ ഒരുപാടുണ്ട്, ആ നാടും,അവിടുത്തെമനുഷ്യരും,ജീവിതങ്ങളും,കലയും,രുചിയും, ചരിത്രവും അങ്ങനെ പല പല അനുഭവങ്ങളും അറിവുകളുമാണ്
.
യാത്രയുടെ ദൂരത്തിൽ അല്ല, ചെറുതാണെങ്കിലും ഓരോ യാത്രയിലും നമുക്ക് എന്ത് കിട്ടുന്നു എന്നതിലാണ് കാര്യം…ആരോ പറഞ്ഞ പോലെ..”ഓരോ യാത്രയും അനുഭവങ്ങളുടെ നിധികുംഭമാണ്. വാർധക്യകാലത്ത് സംതൃപ്തിയോടെ അയവിറക്കാനുള്ള ഓർമ്മകളുടെ ഒടുങ്ങാത്ത കലവറയാണ് നിങ്ങൾ യാത്രകളിലൂടെ ശേഖരിച്ചുവയ്ക്കുന്നത്.”

ADVERTISEMENT