പഞ്ചഭൂതങ്ങളിൽ ആകാശത്തിനു പ്രാധാന്യം നൽകുന്ന തില്ലൈ നടരാജ ക്ഷേത്രം – ചിദംബരം

912
Chidambaram-Natarajar-Temple
ADVERTISEMENT

ചെറിയൊരു ചാറ്റൽ മഴയിലൂടെ പച്ചപ്പ് നിറഞ്ഞ നെൽ പാടങ്ങളെയും കടന്ന് ഏകദേശം ആറരയോടെ ബസ്സ് ചിദംബരത് എത്തി, നൈസ് ആയിട്ടൊരു മഴയൊക്കെ ഉണ്ട് ഒരു കട്ടൻ അടിച്ചിട്ട് ബാക്കി കാര്യം… ആദ്യം ഒരു റൂം സെറ്റ് ആക്കണം, ചിദംബരം അത്യാവശ്യം തിരക്കുള്ള ഒരു നഗരമാണ് ക്ഷേത്രം ഏതാണ്ട് നഗരത്തിനോട് ചേർന്ന് തന്നെ ആണ് അതുകൊണ്ടായിരിക്കണം ഇത്ര തിരക്ക്. വലിയ വൃത്തിയൊന്നും ഇല്ലാത്തൊരു നഗരം.
പിന്നെ എന്തിനോ വേണ്ടി പെയ്ത ഒരു മഴയും. കുറച്ചധികം തപ്പി നടന്നാണ് ഒരു ലോഡ്ജ് കണ്ടു പിടിച്ചത് 350 രൂപാ, വലിയ വൃത്തിയൊന്നും ഇല്ല ഒന്നുറങ്ങി ഫ്രഷ് ആവാൻ അത് മതിയല്ലോ. രാത്രി 10 മണിവരെ ക്ഷേത്ര പ്രവേശനം ഉണ്ടെന്ന് അറിഞ്ഞു, എല്ലാം സെറ്റ് ആക്കി അമ്പലത്തിലേക്ക്…..


രാത്രി ആ നാട്ടിൽ, ആ തിരക്കുള്ള വഴിയിലൂടെ, ഒരുപാട് ആളുകൾക്കിടയിലൂടെ ഒറ്റക്ക് നടക്കുമ്പോൾ അതൊരു അനുഭവമാണ്…. ആ നടത്തം എന്നെ വലിയൊരു ഗോപുരത്തിന് മുന്നിലാണ് എത്തിച്ചത്, ക്ഷേത്രത്തിലേക്കുള്ള പ്രധാന കവാടം നിറയെ ആളുകൾ ആണ് പൂ കച്ചവടക്കാർ ഭിക്ഷക്കാർ ഭക്തർ അങ്ങനെ അങ്ങനെ …. ഏതായാലും ആളും ബഹളവും ഉള്ളൊരു ക്ഷേത്ര പരിസരം ആണ്…ക്ഷേത്രത്തെ കുറിച്ചു പറയാൻ ഒരുപാടുണ്ട്……

ADVERTISEMENT

പഞ്ചഭൂദ ക്ഷേത്രമായ ഇവിടെ ആകാശത്തിനു പ്രാധാന്യം നൽകുന്നു… നടരാജ രൂപത്തിലുള്ള ശിവനാണു ഇവിടെ പ്രതിഷ്ഠ . തമിഴ്‌നാട്ടിലെ പ്രധാന ക്ഷേത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ മുന്പന്തിയിലായിരിക്കും ചിദംബരം നടരാജ ക്ഷേത്രത്തിനു സ്ഥാനം..പല്ലവ-ചോളാ-പാണ്ട്യ-വിജയനഗര-ചേര രാജവംശങ്ങളെല്ലാം തന്നെ ക്ഷേത പുനരുദ്ധാരണത്തിൽ പങ്കു വഹിച്ചിട്ടുണ്ട്.ഇപ്പൊ കാണപ്പെടുന്ന ക്ഷേത്ര സമുച്ചയം 13 നൂറ്റാണ്ടിൽ നിര്മിക്കപെട്ടതാണെന്നു പറയപ്പെടുന്നു. കായൽകടലോരങ്ങളിൽ കാണപ്പെടുന്ന ഒരുതരം വൃക്ഷമാണ് തില്ലൈ.ഒരു സമയത്തു ഇവിടെ തില്ലൈ വനമായിരുന്നു അത് കൊണ്ടാണ് ക്ഷേത്രത്തിന്റെ പേരിന്റെ കൂടെ “തില്ലൈ” എന്ന വിശേഷണം വന്നെതെന്നാണ്
ചരിത്രം…ലോകത്താകമാനം ക്ലാസിക്കൽ ഡാൻസിന്റെ പ്രതീകമായ നടരാജ വിഗ്രഹത്തിന്റെ ഉറവിടം ചിദംബരമാണ്..ഇവിടുത്തെ ആരാധന മൂർത്തിയായ നടരാജ മൂർത്തിയുടെ ആനന്ദ താണ്ഡവമാണ് നടരാജ വിഗ്രഹത്തിൽ
രൂപപ്പെടുന്നത്..നേരത്തെ കണ്ട പ്രധാന കവാടത്തിനു മുകളിൽ നൃത്തത്തിലെ 108 സ്ഥായി ഭാവങ്ങൾ വരച്ചിട്ടുണ്ട്… അത് തന്നെ ഒരു കാഴ്ചയാണ്…. നടരാജ രഹസ്യം കണ്ടിട്ട് പറയാം എന്താണെന്ന്… പിന്നെ പറയുന്നത് ലോകത്തിന്റെ കാന്തിക മധ്യo ചിദമ്ബരമാണ് എന്നാണ്… നടരാജ വിഗ്രഹത്തിന്റെ പാദത്തിലൂടെയാണ് Magnetic Equator കടന്നു പോകുന്നതെന്ന് ഈ സ്ഥലത്തു മാഗ്നെറ്റിക് ടിപ് പൂജ്യമാണ് എന്നൊക്കെയാണ് പറയണെ…Geomagnetic field line ചിദംബരം വഴി കടന്നു പോകുന്നുണ്ടെന്നത് സത്യമാണ് പക്ഷെ ഒരിക്കലും അവിടെ മാഗ്നെറ്റിക് ടിപ് ആംഗിൾ പൂജ്യമാകുന്നില്ല… അതിപ്പോ അങ്ങനെ ആയിരുന്നെങ്കിൽ തന്നെ അതിൽ അത്ഭുദപ്പെടാൻ ഒന്നും ഇല്ല, കാരണം ഇനി പറയാൻ പോകുന്നതാണ്…. ദ്രാവിഡ നിർമ്മിതികളിലെ അത്ഭുതങ്ങളെ അറിഞ്ഞാൽ ചിലതൊക്കെ നമ്മൾ വിശ്വസിച്ചു പോകും, ഹിന്ദുമത വിശ്വാസം അനുസരിച്ചു പഞ്ചഭൂത ആരാധനയ്ക്കായി 5 ക്ഷേത്രങ്ങൾ ഉണ്ട് ..അതിൽ ഒന്നാണല്ലോ ചിദമ്പരം, പഞ്ചഭൂതങ്ങളിൽ ആകാശത്തിനു വേണ്ടി സമർപ്പിച്ചിരിക്കുന്നതാണ് ഇവിടം..തിരുച്ചിറപ്പള്ളി ക്ഷേത്രം ജലത്തിനും തിരുവണ്ണാമലൈ അഗ്നിക്കും കാലഹസ്തി വായുവിനും കാഞ്ചീപുരം ഭൂമിക്കുമായി സമർപ്പിച്ചിരിക്കുന്നു. നൂറ്റാണ്ടുകളായി ഇത് പിന്തുർന്നും പോരുന്നു .. ഇനി ഇതിലെ അത്ഭുതപ്പെടുത്തുന്ന കാര്യം എന്താണെന്നു വെച്ചാൽ ഈ ക്ഷേത്രങ്ങൾ വിന്യസിച്ചിരിക്കുന്ന ക്രമമാണ്.. ഭൂമിക്കു സമർപ്പിച്ചിരിക്കുന്ന കാഞ്ചീപുരം വായുവിന്റെ കാലഹസ്തി ക്കും ആകാശത്തിന്റെ ചിദംബരത്തിനുമിടക്ക് നിൽക്കുന്നു..മറ്റൊരു അദ്ഭുതകരമായ സവിഷേത കാഞ്ചീപുരം ഏകാംബരേശ്വര ക്ഷേത്രവും കാലഹസ്തി (ആന്ധ്ര) ക്ഷേത്രവും ചിദംബരം നടരാജ ക്ഷേത്രത്തെയും ചേർത്ത് ഒരു രേഖ വരച്ചാൽ അത് നേർ രേഖയായിരിക്കും…8 നൂറ്റാണ്ടുമുന്നേ ഇത്തരമൊരു ഭൂമി ശാസ്ത്രപരമായ ഒരു ചേര്ച്ച നമ്മുടെ പൂർവികർ മനസിലാക്കിയിരുന്നു എന്നുള്ളത് അഭിമാനകാരവും വിസ്മയകരവുമാണ്… ദ്രാവിഡ വാസ്തുവിദ്യയുടെയും ഗണിതഭൂമി ശാസ്ത്രങ്ങളുടെയും കണ്ടുപിടുത്തങ്ങൾ വിളിച്ചോതി ചിദംബരം ക്ഷേത്രം നിലകൊള്ളുന്നു. ഇപ്പോൾ ആചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും കൊണ്ട് അത്രമേൽ വിലയുള്ള നമ്മുടെ പൂർവ്വികരുടെ ശാസ്ത്രങ്ങളും കരവിരുതുകളും സാഹിത്യങ്ങളും മൂടപ്പെട്ടിരിക്കുന്നു….. ഈ പറഞ്ഞതിലും കൂടുതൽ കഥകൾ ഈ ക്ഷേത്രത്തെ ചുറ്റിപറ്റി കിടപ്പുണ്ടെന്ന് ആ രാത്രിയിൽ ആ ക്ഷേത്ര വളപ്പിൽ വെച്ചു എനിക്ക് തോന്നി……

അമ്പലത്തിനകത്ത് ഒരുപാട് ആളുകളുണ്ട്, ഇപ്പോൾ എന്തോവലിയ പൂജകൾ നടക്കുന്ന സമയമാണ്, വലിയ പൂജകൾ ആണെന്ന് ആ ആൾക്കൂട്ടവും വലിയ പൂജാ മണ്ഡപങ്ങളും കണ്ടപ്പോൾ മനസിലായി, അഗ്രഹാരങ്ങളിൽ ജീവിക്കുന്ന ഭ്രാഹ്മണരെ ആദ്യമായിട്ടാണ് നേരിൽ കാണുന്നത് കുട്ടികൾ മുതൽ പ്രായമായവർ വരെ, കാണാൻ നല്ല ചേലാണ്…. ഒരു തമിഴ്‌നാടൻ ഫിലൊക്കെ കിട്ടുന്നത് ഇപ്പോഴാണ് . അഴകുള്ള തമിഴ് പെൺകൊടികൾ, മൊട്ടയടിച്ച കുറെ ഉണ്ണി കുട്ടന്മാരും…കുറെ നേരം അവരേം നോക്കിങ്ങനെ ഇരുന്നു…. ക്ഷേത്രം ഒരു ബ്രമാണ്ട നിർമ്മിതിയാണ് ചുറ്റും നടന്ന് രാത്രിവെളിച്ചത്തിൽ ഒരുവിധമൊക്കെ കണ്ടു… ഈ ചിദംബര രഹസ്യം അറിയണമെങ്കിൽ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കണം ദര്ശനം എപ്പോഴാണെന്നോ എവിടെയാണെന്നോ ഒന്നും അറിയില്ല… ഉള്ളിൽ കയറിയാൽ എവിടെയാണ് എന്താണ് എന്നൊരു പിടിത്തവും കിട്ടില്ല…

ശിൽപ്പ ഭംഗിയാൽ മനോഹരമയക്കിയ അകത്തളമാണ്,കൊത്തുപണികൾ നിറഞ്ഞ വലിയ തൂണുകൾ, പ്രധാന ശ്രീ കോവിലിനോട് ചേർന്ന് ഒരുപാട് ചെറിയ ചെറിയ ചുറ്റമ്പലങ്ങൾ, കൂടെ പ്രാർഥനകളും പാട്ടുകളും അങ്ങനെ എല്ലാം കൊണ്ടും ഉള്ളിൽ വേറൊരു ലോകമാണ്…. ഓരോ ചുറ്റമ്പലങ്ങളിലും നിരവധി പ്രതിഷ്ഠകളും സന്നിധാനങ്ങളും ഉണ്ട്. തേർ രൂപത്തിലുളള നർത്തന സഭയുടെ തൂണുകളിൽ അമ്പരപ്പിക്കുന്ന ശിൽപവേലകൾ!

ഇരുപതിനായിരത്തിലധികം സ്വർണ്ണ തകിടുകളാൽ നിർമ്മിച്ച മേൽക്കൂരയാൽ സമ്പന്നമാക്കിയ പ്രധാന ശ്രീകോവിൽ… വലുപ്പവും രൂപവും കൊണ്ട് ഇതൊരു വ്യത്യസ്തമായ ശ്രീകോവിലായി തോന്നും… പാട്ടും പ്രാർത്ഥനയുമായി ഒരുപാട് ആളുകൾ ദർശ്ശനത്തിനായി കാത്തിരിക്കുന്നു, കൂടെ ഞാനും. അടുത്തിരുന്ന ഒരു തമിഴ് മുത്തച്ഛൻ അമ്പലത്തിന്റെ കൂറെ കഥകൾ പറഞ്ഞു തന്നു.കനകസഭയിലാണ് ക്ഷേത്രത്തിലെ പൂജകൾ നടക്കുന്നത്. കനകസഭയിൽ കടക്കുന്നത് രുദ്രാക്ഷമാലയും വെളളവസ്ത്രവുമണിഞ്ഞ ദീക്ഷിതർമാരാണ്. നടരാജനോടുളള ഭക്തി ഇവരുടെ ആത്മാവിൽ അലിഞ്ഞു ചേർന്നിരിക്കുന്നു. “ഇത് ആകാശക്ഷേത്രമാണ്. ആകാശം എങ്ങനെ നിർമ്മലമായിരിക്കുന്നോ അതു പോലെ മനുഷ്യ മനസ്സും നിർമലമായിരിക്കണമെന്ന് സാരം” അങ്ങനെ ആ വല്യ രഹസ്യം ആ മുത്തച്ഛൻ എനിക്ക് പറഞ്ഞു തന്നു. “ഇപ്പോൾ ശ്രീകോവിലിൽ മൂർത്തിയില്ല. അതിന്റെയർഥം ഭഗവാൻ ഇവിടെ ആകാശ രൂപത്തിൽ വസിക്കുന്നു എന്നാണ്. ശ്രീകോവിലിലെ ശൂന്യതയെ ദേവനായി ആരാധിക്കാം. ഇതാണ് ‘ചിദംബരരഹസ്യ’ത്തിന്റെ പൊരുൾ. കേട്ടപ്പോൾ ഇതെന്തൊരു രഹസ്യപ്പാന്ന് തോന്നി പോയി.

കഥക്കിടയിൽ പെട്ടന്ന് മണിനാദങ്ങളും വാദ്യങ്ങളുമുയർന്നു. സ്വർണ്ണ നിറമുള്ള, നടരാജന്റെ വിഗ്രഹം സ്തോത്രങ്ങളുരുവിട്ട് ദീക്ഷിതർമാർ ശ്രീകോവിലിലേക്ക് കൊണ്ടുവന്നു, ശിവ ശിവ വിളികളുമായി ഭക്തർ, മണികൾ ഒന്നിച്ചു മുഴങ്ങിയപ്പോൾ ശ്രീകോവിലിനു മുന്നിലെ കറുത്ത തിരശ്ശീല നീങ്ങി….. ദർശനം കിട്ടിയ ഭക്തർ നടരാജന്റെ മുന്നിൽ കൂപ്പു കൈകൾ ഉയർത്തി. ആഹാ അടിപൊളി, “ഭക്തിസാന്ദ്രമായ നിമിഷന്നൊക്കെ” പറയില്ലേ അത് തന്നെ, ആദ്യായിട്ടാണെ ഇതൊക്കെ കാണുന്നെ….. നടനകലയുടെ ഇരിപ്പിടം കൂടിയായ ഇവിടുത്തെ ഓരോ കല്‍ത്തൂണുകളും ഭരതനാട്യത്തിന്‍റെ വ്യത്യസ്ത ഭാവങ്ങള്‍ മിഴിവോടെ വിരിയിക്കുന്നു. നടനത്തെ അതിന്‍റെ എല്ലാ ഭാവങ്ങളോടും പ്രകടിപ്പിച്ചതിനാലാണ് ശിവഭഗവാനെ നടരാജന്‍ എന്ന് വിളിക്കുന്നത്. അങ്ങനെ ആ മുത്തച്ഛനോട് യാത്ര പറഞ്ഞു പുറത്തേക്കിറങ്ങി… യാത്രകളിൽ കിട്ടുന്നത് ഇതുപോലുള്ള അനുഭവങ്ങൾ ആണ്, മരിച്ചാലും മറക്കാത്ത അനുഭവങ്ങൾ…. പുറത്തു ഈപ്പോഴും പൂജകൾ നടക്കുന്നുണ്ട്…. പറഞ്ഞാൽ തീരാത്തത്ര സവിശേഷതകൾ ഉള്ളൊരിടമാണിത്… പുറത്തിറങ്ങി ഭക്ഷണോം കഴിച്ചു ഒറ്റയുറക്കം…നാളെ മഹാബലിപുരവും കാഞ്ചീപുരവും കണ്ട് നാട്ടിലേക്ക് തിരിക്കാൻ ഉള്ളതാണ്….

ADVERTISEMENT