‘ഐരാവതേശ്വരൻ’ എന്നും അറിയപ്പെടുന്ന ശിവനെയാണ് ഇവിടെ ആരാധിക്കുന്നത് – ഐരാവതം പോലൊരു അഴക്

937
Airavatesvara_Temple_Darasuram
ADVERTISEMENT

കണ്ടിട്ടൊരു റെയിൽവേ സ്റ്റേഷൻ പോലെ തോന്നാത്തത് കൊണ്ടാണോ, അതോ സെക്കൻഡുകൾ മാത്രം അവിടെ നിർത്തിയതുകൊണ്ടാണോ എന്നും അറിയില്ല, ട്രെയിൻ ദരസുരം സ്റ്റേഷൻ കഴിഞ് ഒരുപാട് മുന്നിലേക്ക് എത്തിയിരുന്നു.

പണി പാളി, അടുത്ത സ്റ്റേഷൻ കുംഭകോണത്താണ്, ഇനിയിപ്പോ അവിടെ ചെന്ന് ബസ്സൊക്കെ പിടിച്ചു എങ്ങനെയെങ്കിലും ഒക്കെ പോകേണ്ടി വരും….
അങ്ങനെ 10 മണിയോടെ കുംഭകോണത് കാലു കുത്തി… സ്റ്റേഷനിന്ന് ഗൂഗിൾ മാപ്പിനെയും കൂട്ടുപിടിച്ച് ഒരു വിധത്തിൽ നടന്ന് നടന്ന് ബസ്സ് സ്റ്റാൻഡ് കണ്ടു പിടിച്ചു. സ്റ്റാൻഡിലൂടെ കൂറേ നടന്നിട്ടാണ് അങ്ങോട്ടുള്ള ഒരു ബസ്സ് കണ്ടു പിടിച്ചത്, ഒരു കുട്ടി ബസ്സ് അത് നിറയെ ആൾക്കാരും, സമയം ഒട്ടും കളയാൻ ഇല്ലാത്തോണ്ട് ഒന്നും നോക്കില്ല ചാടി കയറി, 15 രൂപ ടിക്കറ്റ്, 20 മിനിറ്റും. ഏതോ ഒരു ബസ്സ് സ്റ്റോപ്പിൽ ഇറക്കി വിട്ടിട്ട് ദേ ആ വഴി പോയാൽ അമ്പലത്തിൽ എത്തുന്ന് കണ്ടക്ടർ പറഞ്ഞു… വീണ്ടും ഗൂഗിൾ….. പൊള്ളുന്ന വെയിൽ ആണ് രാവിലെ തന്നെ. ഇവിടുന്ന് 1km നടക്കാൻ ഉണ്ട്, ഏതോ ചേരിയിലൂടെയാണ് വഴി, അതിലെ നടന്നപ്പോ ഫഹദ് ഇക്കേടെ ഡയലോഗ് ആണ് ഓർമ്മ വന്നേ…..”മോശംന്ന് പറഞ്ഞാ പോരാ വളരെ വളരെ മോശം”. കാള, ആട്, പട്ടികൾ, തുറന്നുകിടക്കുന്ന ഓവു ചാലിലൂടെ വരുന്ന മൂത്രത്തിന്റെയും അഴുക്ക് വെള്ളത്തിന്റെയും മണം, പഴയതും പുതിയതുമായ മനുഷ്യരും കെട്ടിടങ്ങളും, കൂടെ പൊടിയും വെയിലും…. ഇങ്ങനെ ഒക്കെയെ ഈ തമിഴ് ഗ്രാമത്തെ വർണിക്കാൻ എനിക്ക് കഴിയു, അതാണ് യാഥാർഥ്യവും. എന്തുകൊണ്ടായിരിക്കും നമ്മുടെ നാടും മനുഷ്യരും ഒക്കെ ഇങ്ങനെ എന്ന് ചിന്തിച്ചു പോകും…. ഒരിക്കലും മാറ്റങ്ങൾ ഇല്ലാതെ തുടരുന്ന ജീവിതങ്ങൾ…. കുറച്ചങ്ങ് എത്തിയപ്പോൾ ദൂരെ ഇരുപത്തടിയോളം ഉയരം ഉള്ള വലിയൊരു മതിൽ കണ്ടു, ക്ഷേത്ര മതിലാണ്… അവിടെ ഏറ്റവും മനോഹരവും വൃത്തിയും ഉള്ളൊരിടം ആ ക്ഷേത്രവും പരിസരവും ആണ്, വളരെ ഭംഗിയായി അതിനെ സംരക്ഷിച്ചിട്ടുണ്ട്…. ചുറ്റി വളഞ്ഞ് ക്ഷേത്രത്തിനു മുന്നിൽ എത്തി. ക്ഷേത്രത്തിനോളം ഉയരം മതിലിന് ഉള്ളതുകൊണ്ട് ഉള്ളിൽ കയറിയാലേ കാണാൻ കഴിയുകയുള്ളു……

ADVERTISEMENT

കണ്ണുകൾ വീണ്ടും ആശ്ചര്യത്തോടെ നോക്കി നിന്നു, “എന്നാ അഴക് ഡാ ഇത്”. ചുട്ടു പൊള്ളുന്ന കൽ തറയിൽ ചവിട്ടി നിൽക്കുമ്പോഴും ആ പൊള്ളൽ പോലും മറന്നു നോക്കി നിന്നു പോകുന്ന ചില കാഴ്ചകൾ ഉണ്ട് അവിടെ. എന്ത് കാണാൻ ആഗ്രഹിച്ചോ… അത് കാണുമ്പോൾ മനസ്സിലുണ്ടാകുന്ന ആത്മ നിർവൃതി… ഐരാവതം പോലൊരു ക്ഷേത്രം….’ഐരാവതേശ്വരൻ’ എന്നും അറിയപ്പെടുന്ന ശിവനെയാണ് ഇവിടെ ആരാധിക്കുന്നത്. 12-ആം നൂറ്റാണ്ടിൽ രാജരാജചോളൻ രണ്ടാമന്റെ കാലത്താണ് (1143-1173) ക്ഷേത്രത്തിന്റെ നിർമ്മാണം നടന്നത്. ക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി ദ്രാവിഡ വാസ്തുവിദ്യാ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. ഐരാവതേശ്വര ക്ഷേത്രം, ബൃഹദീശ്വര ക്ഷേത്രം (തഞ്ചാവൂർ), ഗംഗൈകൊണ്ടചോളീശ്വര ക്ഷേത്രം (ഗംഗൈകൊണ്ടചോളപുരം) എന്നീ മൂന്ന് ക്ഷേത്രങ്ങളെയും ചേർത്ത് ‘ചോഴ മഹാക്ഷേത്രങ്ങൾ’ എന്നുവിളിക്കാറുണ്ട്. 1987-ൽ യുനെസ്‌കോ ഐരാവതേശ്വര ക്ഷേത്രത്തെ ലോക പൈതൃക സ്ഥാനങ്ങളിൽ ഒന്നായി പ്രഖ്യാപിച്ചു.


ഹിന്ദു പുരാണങ്ങളിൽ പരാമർശിക്കുന്ന ഇന്ദ്രന്റെ വെളുത്ത നിറത്തിലുള്ള ഒരു ആനയാണ് ഐരാവതം. ദുർവാസാവ് മഹർഷിയുടെ ശാപത്തെത്തുടർന്ന് ഐരാവതത്തിന് വെളുപ്പ് നിറം നഷ്ടപ്പെട്ടു. നിറം തിരിച്ചുകിട്ടുന്നതിനു വേണ്ടി ഐരാവതം ഈ സ്ഥലത്തു വച്ച് ശിവനെ തപസ്സു ചെയ്തു. ശിവന്റെ നിർദ്ദേശപ്രകാരം ഇവിടുത്തെ കുളത്തിൽ ഇറങ്ങിയ ഐരാവതത്തിന് വെളുപ്പ് നിറം തിരികെ ലഭിച്ചു എന്നാണ് കഥ. കലയുടെയും വാസ്തുവിദ്യയുടെയും ഒരു കലവറയാണ് ഈ ക്ഷേത്രം. മുൻവശത്തെ മണ്ഡപം തന്നെ കുതിരകൾ വലിച്ച കൂറ്റൻ രഥത്തിന്റെ രൂപത്തിലാണ്. മനോഹരമായ ഒരുപാട് ശില്പങ്ങളും ഈ ക്ഷേത്രത്തിലുണ്ട്. തുറന്ന താമരയ്ക്കുള്ളിൽ ശിവന്റെയും പാർവതിയുടെയും മനോഹരമായ കൊത്തുപണികളാണ് സീലിംഗിനുള്ളത്. ഭരതനാട്യത്തിന്റെ നൃത്ത പോസുകളെല്ലാം കല്ലിൽ കൊത്തിവച്ചിട്ടുണ്ട്. ഭംഗിയുള്ള അലങ്കാര തൂണുകളുടെ വിശദാംശങ്ങളും സമൃദ്ധമായി കൊത്തിയെടുത്ത മതിലുകളും ഉള്ളതിനാൽ, ചോള കലയുടെയും വാസ്തുവിദ്യയുടെയും ഉത്തമ ഉദാഹരണമാണ് ദരസുരത്തെ ഐരാവതേശ്വര ക്ഷേത്രം.

ഒരുപാട് സന്ദർശകർ ഒന്നും ഇല്ലാത്തൊരിടം വളരെ ശാന്തമായ അകത്തളം… കുറച്ചു നേരം ആ കാഴ്ചയും കണ്ട് അവിടെ അങ്ങനെ ഇരുന്നു….ആ ഇരുപ്പ് എന്നെ കാട് കയറിയ കുറെ ചിന്തകളിലേക്ക് കൂട്ടികൊണ്ടു പോയി… അവിടെ അങ്ങനെ എത്ര നേരം വേണം എങ്കിലും ഇരിക്കാൻ കഴിയും…..പിന്നെ പയ്യെ പുറത്തേക്കിറങ്ങി വിശാലമായ പുൽമേടാണ് പുറത്ത്, ഒരുപാട് വലിയ തണൽ മരങ്ങളും ഉണ്ട്. അതിൽ ഒന്നിന്റെ ചുവട്ടിലിരുന്ന് ചെറുതായിട്ടൊന്ന് മയങ്ങി…സമയം 12 ആയി, ഇനി ചോളപുരത്തേക്കാണ്… കുറച്ചങ്ങ് നടന്നപ്പോൾ ആ ക്ഷേത്ര വളപ്പിൽ തന്നെ മറ്റൊരു വലിയ ക്ഷേത്രം, ചുമ്മാ ഒന്ന് ഉള്ളിലോട് കയറി നോക്കി, കൊള്ളാലോ, ഇതും മനോഹരമായ മറ്റൊരു സൃഷ്ടിയാണ്….ഇത് പെരിയ നായകി അമ്മൻ കോവിൽ എന്നാണ് അറിയപ്പെടുന്നത്. ഈ ക്ഷേത്രം ഐരാവതേശ്വര ക്ഷേത്രത്തിൽ നിന്ന് ഒറ്റപ്പെട്ടു കാണപ്പെടുന്നു. ശിവന്റെ പത്നിയായ പാർവ്വതി ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ.അതിനും കുറെ കഥകൾ ഉണ്ടാകും….

അവിടെന്ന് ഇറങ്ങി ബസ്സ് കയറി കുംഭകോണം സ്റ്റാൻഡിൽ എത്തി… ചോളപുരത്തേക്കുള്ള ബസ്സ് തപ്പി നടന്നു 1.20 pm ഒരു ബസ്സ് ഉണ്ടെന്നറിഞ്ഞു, ഇനിയും അര മണിക്കൂർ ഉണ്ട് ആ ഗ്യാപ്പിൽ മാര്ക്കറ്റിലൂടെ ഒക്കെയൊന്ന് കറങ്ങി വന്നു. കൃത്യം 1.20 ന് ബസ്സ് എടുത്തു, ചോളപുരത്തേക്കായിട്ട് ബസ്സൊന്നും ഇല്ല ജയംകൊണ്ടാൻ ടൗണിലേക്കുള്ള ബസ്സിൽ കയറി ചോളപുരത് ഇറങ്ങണം ഇവിടെ നിന്നും ഒരു മണിക്കൂർ യാത്രയുണ്ട് (35 km), 40 രൂപാ ടിക്കറ്റും എടുത്ത് നേരെ ചോളർ വാണ നാട്ടിലേക്ക്…

ADVERTISEMENT