കല്ലുകൾ കഥ പറയുന്ന നാട്ടിലേക്ക്

618
mahabalipuram
ADVERTISEMENT

ഏകദേശം പത്തു മണിയോടെ മഹാബലിപുരത്തിന് അടുത്തൊരു ഹൈവേയിൽ ബസ്സ് നിർത്തി, ഇവിടുന്ന് ഷെയർ ഓട്ടോ പിടിച്ചാൽ മഹാബലിപുരം പട്ടണത്തിൽ എത്താം… ഇത്ര രാവിലെ തന്നെ വെയിലിന് നല്ല ചൂടാണ്, അപ്പോഴാണ് വയനാട്ടിലെ പത്തുമണിയുടെ അവസ്ഥ ഓർത്തു പോയത്…ഹോ സ്വർഗാണ്. നല്ലൊരു ഹോട്ടലിന്ന് ഭക്ഷണോം കഴിച്ചു കാഴ്ചകളിലേക്ക് ഇറങ്ങി. മഹാബലിപുരത്തെ ചരിത്ര ശേഷിപ്പുകൾ പലതും ഒന്നു രണ്ടു കിലോമീറ്ററുകൾ വിട്ട് വിട്ടാണ് കിടക്കുന്നത് അതുകൊണ്ട് എല്ലാം നടന്ന് തന്നെ കാണണം. 60 kg ഉള്ള ബാഗും തൂക്കി ഈ വെയിലത്തൂടെ നടന്നാൽ മൊത്തത്തിൽ ഒരു തീരുമാനം ആകും… എല്ലാം കാണാതെ പോകാനും പറ്റില്ല…നട നട…. ക്രിസ്തു വര്ഷം 7ആം നൂറ്റാണ്ടിൽ തെക്കൻ ഭാരതത്തിലെ പല്ലവ രാജവംശത്തിലെ രാജാക്കന്മാരാണ്‌, ഇന്ന് തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈ നഗരത്തിനു 60 കി.മീ തെക്കുള്ള ഈ നഗരം രൂപപ്പെടുത്തിയത്. പല്ലവരാജാവായിരുന്ന മാമല്ലന്റെ പേരിലാണ്‌ ഈ സ്ഥലം അറിയപ്പെടുന്നത്. ഇവിടത്തെ ചരിത്ര സ്മാരകങ്ങളൊക്കെ തന്നെ ക്രി.വ 7ആം നൂറ്റാണ്ടിനും 9ആം നൂറ്റാണ്ടിനും ഇടയ്ക്ക് നിർമ്മിച്ചവയാണ്‌. മഹാബലിപുരം യുനെസ്കൊ-യുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ പ്രസിദ്ധീകരിച്ച ഒന്നാണ്‌. ഇത് ചെയ്ത നൂറ്റാണ്ടുകളാണ് എന്നെ അതിശയിപ്പിച്ചത്. ഈ തീരത്തെ സൃഷ്ട്ടികൾ, അത് കല്ലിൽ കൊത്തിയ അത്ഭുദങ്ങൾ ആണ്. സ്മാരകങ്ങളിൽ ഭൂരിഭാഗവും പാറ തുരന്ന് നിർമ്മിച്ചവയാണ്‌; പലതും ഒറ്റ പാറയാൽ നിർമ്മിച്ചവയാണ്‌. ഈ സ്മാരകങ്ങളിലെല്ലാം തന്നെ ആദികാല ദ്രാവിഡ തച്ചുശാസ്ത്രത്തിന്റെ സ്പർശം കാണാം. അതിൽ ബുദ്ധമതത്തിന്റെ പല സംഗതികളും പ്രകടമാണ്‌. ഗുഹാക്ഷേത്രങ്ങളും, ഒറ്റക്കൽ മണ്ഡപങ്ങളും ശില്പങ്ങളും ക്ഷേത്രങ്ങളും അടങ്ങിയതാണ് മഹാബലിപുരത്തെ സ്മാരകങ്ങൾ. പല്ലവ കലയുടെ ഉത്തമോദാഹരണങ്ങളാണ്‌ മഹാബലിപുരം.

മഹാബലിപുരം, പല്ലവരാജ്യത്തെ ഒരു ശില്പകലാ വിദ്യാലയം ആണെന്നും കരുതപ്പെടുന്നു. അപൂർണ്ണമായതും, പല ശൈലിയിലുള്ളതും ആയ അനേകം ശില്പങ്ങളാണ്‌ ഇതൊരു വിദ്യാലയം ആണെന്ന് കരുതാൻ കാരണം.

ADVERTISEMENT

പഞ്ചരഥങ്ങൾ അഞ്ചിലും വ്യത്യസ്തമായ ശൈലികൾ ഉപയോഗിച്ചിരിക്കുന്നത് പ്രകടമാണ്‌.പാറകൾ തുരന്ന് ഉണ്ടാക്കിയതുകൊണ്ടായിരിക്കാം എല്ലാത്തിലും ഒരു വ്യത്യസ്തത തോന്നുന്നത്, എല്ലാ സൃഷ്ട്ടികൾക്കും ഒരു ഓമനത്തം
ഉള്ളതുപോലെ തോന്നി…ആദ്യം കണ്ടത് അർജുന തപസ്സാണ് പാശുപതാസ്ത്രം ലഭിക്കാനായി അർജുനൻ തപസ്സു ചെയ്തതിന്റെ പ്രതീകമായി നിർമ്മിച്ച ശിലാ മന്ദിരം ഗംഗാ പതനം എന്ന പേരിലും അറിയപ്പെടുന്നു… ശില്പങ്ങളാൽ സമൃദ്ധമാണ് ഈ ഭാഗം, കുറെ നേരം ആ ഭംഗി അങ്ങനെ നോക്കി നിന്ന് പോയ്. അടുത്തത് കൃഷ്ണ മണ്ഡപമാണ് ഗോവര്ധന ഗിരി കയ്യിലുയർത്തി നിൽക്കുന്ന ശ്രീകൃഷ്ണന്റെ ശില്പമാണ് പ്രദാന കാഴ്ച്ച. ഇതിനടുത്ത് പാറപ്പുറത്ത് ഉരുട്ടി നിർത്തിയിട്ടുള്ള കല്ലാണ് ശ്രീകൃഷ്ണന്റെ കയ്യിലെ വെണ്ണ എന്നറിയപ്പെടുന്നത്. ഇക്കണ്ട കാലമത്രയും കാറ്റിനെയും മഴയെയും ചേറുത്തു നിന്ന ശില്പകലയുടെ മഹത്വമാണ് ഈ കാണുന്നതൊക്കെയും. കരിങ്കല്ലിൽ എന്തൊക്കെ അത്ഭുതങ്ങൾക്കു സാധ്യതയുണ്ടോ അതെല്ലാം പല്ലവന്മാർ പ്രയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന നിരവധി സൃഷ്ട്ടികൾ അവിടെ കാണാം. ഈ ഒരു ഭാഗം ഏകദേശം കണ്ടുകഴിഞ്ഞു ഇനി കടൽത്തീരത്തുള്ള ആ ശില്പ്പ ഭംഗിയിലേക്കാണ് “ഷോർ ടെംപിൾ”.

മഹാബലിപുരത്തെ കടൽ തീരത്തോട് ചേർന്നു കിടക്കുന്ന ക്ഷേത്രമാണ് ഷോർ ടെമ്പിൾ എന്നറിയപ്പെടുന്നത്. പോകുന്ന വഴിയുടെ വശങ്ങളിൽ മുഴുവൻ സുവനീർ ഷോപ്പുകൾ ആണ് സഞ്ചാരികളെ ആകർഷിക്കാൻ വളരെ മനോഹരമായിട്ടാണ് അവ നിർത്തിയിരിക്കുന്നത്, പിന്നെയുള്ളത് നിരവധി ശിൽപ്പങ്ങൾ വിൽക്കുന്ന കടകൾ, ആ നാടിന്റെ പാരമ്പര്യം എന്തെന്ന് വിളിച്ചോതുന്ന ചെറുതും വലുതുമായ ഒരുപാട് മനോഹര ശില്പങ്ങൾ ആ വഴിയോരങ്ങളിൽ വിൽക്കാൻ വെച്ചിട്ടുണ്ട്. എട്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിന് കടലിലേക്കാണ് ദർശനമുള്ളത്. ഈ ക്ഷേത്രമാണ് മഹാബലിപുരത്തെ മറ്റു ക്ഷേത്രങ്ങളെയും സ്മാരകങ്ങളെയും സംരക്ഷിക്കുന്നതെന്നാണ് വിശ്വാംസം. ഇതൊരു വിഷ്ണു ക്ഷേത്രമാണ്. അഴകായി ആ തീരത്ത് തല ഉയർത്തി നിൽക്കുന്നൊരു മനോഹര ക്ഷേത്രം ചെറുതാണെങ്കിലും അതിനൊരു വല്ലാത്ത അഴകുണ്ട്. വിദേശികളും സ്വദേശികളുമായ ഒരുപാട് സന്ദർശകർ ഇവിടേക്ക് എത്തുന്നുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള ഒരു തുറമുഖ പട്ടണമാണ് മഹാബലിപുരം. ഈയിടെ ഇന്ത്യ ചൈനാ കൂടിക്കാഴ്ച്ച നടന്നത് ഇവിടെയാണ്, ആയിടക്ക് മഹാബലിപുരം ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അടുത്തത് കടൽ തീരത്തേക്കാണ്, പൊള്ളുന്ന വെയിലും കാല് താണു പോകുന്ന ചൂടുള്ള മണല്തരികളും തോളത്തെ ബാഗും എന്നെ നല്ലോണം തളർത്തിയിരുന്നു 3 കുപ്പി വെള്ളം ഇപ്പൊ തന്നെ അകത്താക്കി….

അവിടെ ആ കടൽ തീരത്ത് കുറച്ചധികം നേരം ആ കാഴ്ച്ചകളും കണ്ടങ്ങനെ ഇരുന്നു… കടലിന്റെ അനന്തതയിലേക്ക് നോക്കി ഇരിക്കുന്നത് വേറൊരു അനുഭവം തന്നെയാണ്.

ഇനി ഇവിടുത്തെ ഏറ്റവും മനോഹര സൃഷ്ട്ടിയിലേക്കാണ്, പഞ്ച പാണ്ഡവരുടെ രഥങ്ങൾ, ഇവിടുന്ന് അഞ്ച് മിനിറ്റ് നടന്നാൽ അവിടെയെത്താം. മഹാഭാരതത്തിലെ പഞ്ചപാണ്ഡവന്മാരുടെ പേരുകളിൽ ഒറ്റക്കല്ലിൽ തീർത്ത ശിലാ രഥങ്ങൾ, കണ്ടാൽ രഥത്തിന്റെ ലുക്കൊന്നും ഇല്ലെങ്കിലും അതിനെല്ലാത്തിനും ഒരു കാവ്യ ഭംഗിയുണ്ട്. പല വലുപ്പത്തിൽ,പല ആകൃതിയിൽ ആണ് അവയെല്ലാം. ഇതിൽ ഏറ്റവും ഉയരം ഉള്ളത് ധർമ്മരാജ രഥത്തിനാണ്, ഒരു കുടിലിന്റെ രൂപത്തിൽ ഉള്ളതാണ് അർജ്ജുനരഥം, ദ്രൗപതീരഥം, നകുലരഥം, സഹദേവരഥം എന്നിവയാണ് മറ്റുള്ളവ. അവയെല്ലാം കൂടി നിൽക്കുമ്പോൾ അത് മറ്റൊരു ലോകം പോലെ തോന്നും. എത്ര പേർ ചേർന്നാണ്, എങ്ങനെയാണ്

മഹാബലിപുരത്ത് ഇത്രയും ശിലാവിഗ്രഹങ്ങൾ നിർമ്മിച്ചതെന്ന് ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇനിയുമൊരായിരം വര്ഷം കഴിഞ്ഞാലും ശിൽപ്പ വിദ്യയിൽ പല്ലവന്മാരെ വെല്ലാൻ ആരുമില്ലെന്ന് ആ സൃഷ്ട്ടികൾ വിളിച്ചോതുന്നുണ്ട്. ആന്ധ്രാ പ്രദേശിലെ ജന്മികളായിരുന്നു പല്ലവർ തെലുങ്ക് ഭാഷ സംസാരിക്കുന്ന മനുഷ്യ സമൂഹത്തിനൊപ്പം തമിഴ് മൊഴിയുന്ന ജനങ്ങളെയും കൂട്ടി ചേർത്ത് പല്ലവർ ഭരണാധികാരം പിടിച്ചെടുത്തു. എ.ഡി നാലാം നൂറ്റാണ്ടിൽ കാഞ്ചീപുരത്ത് രാജ്യം സ്ഥാപിക്കുമ്പോൾ മഹേന്ദ്രവർമൻ, നരസിംഹ വർമ്മൻ എന്നിവരായിരുന്നു രാജാക്കന്മാർ. ഇഷ്ടദേവന്മാരായ മഹാവിഷ്ണുവിന്റേയും പരമശിവന്റേയും പേരിൽ ക്ഷേത്രങ്ങൾ പണിതത് കരിങ്കൽ ദ്രാവിഡ വാസ്തു വിദ്യയിൽ ആണ്.


നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യയുടെ ചരിത്രം ഉറങ്ങുന്ന ഈ കടൽ തീരത്തെ മനോഹര സൃഷ്ടികളോട് യാത്ര പറയാൻ നേരമായി, ഇനി പല്ലവ രാജ്യ തലസ്ഥാനമായ കാഞ്ചീപുരത്തേക്കാണ്…. സമയം ഒന്നര ആയി, നേരം ഒരുപാട് വൈകി, കാഞ്ചീപുരം കാഴ്ചകളും കണ്ട് ഇന്ന് ബാംഗ്ലൂർക്ക് ബസ്സ് കയറേണ്ടതാണ്, സമയക്കുറവുകൊണ്ട് കാഞ്ചീപുരം കാഴ്ച്ചകൾ ഒഴിവാക്കേണ്ടി വരുമോ എന്നൊരു ആവലാതി ഉള്ളിൽ കേറി കൂടി… രണ്ടു മണിക്കൊരു കാഞ്ചീപുരം ബസ്സ് ഉണ്ട്, രണ്ട് മണിക്കൂർ യാത്രയുണ്ട് (Rs 50) , നാലുമണിക്ക് അവിടെ എത്തിയാൽ ?????….. ബാക്കി അവിടെ ചെന്നിട്ട് നോക്കാം….

ADVERTISEMENT