മലയാളത്തിലെ ഏറ്റവും ബഹുമാന്യനായ സംവിധായകരിൽ ഒരാളാണ് ഫാസിൽ . ഒരു പക്ഷേ ഇപ്പോൾ മലയാളത്തിൽ സജീവമായി നിൽക്കുന്ന ഒട്ടു മിക്ക സംവിധായകരും ഫാസിലിന്റെ ശിഷ്യന്മാരാണ് മുൻപ് മമ്മൂട്ടിയുടെ ഒരു പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയെക്കുറിച്ച് സംവിധായകൻ ഫാസിൽ പറഞ്ഞ വാക്കുകളും ശ്രദ്ധനേടുകയാണ്. മമ്മൂട്ടിയും മോഹൻലാലും അഭിനയിച്ച ഹരികൃഷ്ണൻസ് എന്ന ചിത്രത്തെക്കുറിച്ചും മമ്മൂട്ടി ചെയ്ത കോമഡിയെക്കുറിച്ചുമാണ് ഫാസിൽ എഴുതുന്നത്. ഫാസിലിന്റെ വാക്കുകൾ വിശദമായി വായിക്കൂ.
മമ്മൂട്ടി നമ്മളെ വിസ്മയിപ്പിച്ച എത്രയോ സിനിമകളുണ്ട്. ഹരികൃഷ്ണനിൽ ഞാനത് നേരിട്ട് കണ്ടെന്നും ഫാസിൽ പറയുന്നു. മോഹൻലാലിന്റെ കമ്പനിക്കായി ഒരു സിനിമ ചെയ്യാൻ ലാൽ ഫാസിലിനെ സമീപിച്ചു. അപ്പോൾ മമ്മൂട്ടിയും ലാലും ഒന്നിക്കുന്ന ഒരു സിനിമ ആയാലോ എന്നായിരുന്നു ആ ചോദ്യത്തിന് ഫാസിലിന്റെ മറുപടി. ഒട്ടും ആലോചിക്കാതെ അങ്ങനെ എങ്കിൽ താൻ വളരെ സന്തോഷവാനാണെന്ന് മോഹൻലാൽ പറഞ്ഞതായി ഫാസിൽ ഓർക്കുന്നു. പിന്നീട് മമ്മൂട്ടിയോട് സംസാരിച്ചപ്പോൾ മമ്മൂക്കയും ഒട്ടും ആലോചിക്കാതെ ഓകെ പറഞ്ഞുവെന്ന് ഫാസിൽ പറയുന്നു.
ഒരു എന്റർടെയ്‌നർ ചിത്രത്തിന് ആവശ്യമായ എല്ലാ ചേരുവകളും അടങ്ങിയ ചിത്രമായിരുന്നു ഹരികൃഷ്ണൻസ്. നൃത്തവും പാട്ടും മുതൽ കോമഡി ,വൈകാരിക രംഗങ്ങൾ വരെ. കോമഡി എന്നാൽ മോഹൻലാലാണോ എന്ന് ചോദിക്കുന്ന ഫാസിൽ എന്നാൽ മമ്മൂട്ടി കോമഡി ചെയ്യുന്നതിനെ താൻ ഭയപ്പെട്ടിരുന്നില്ലെന്നും പറയുന്നു.കോമഡി ചെയ്യാൻ തനിക്കു താത്പര്യമില്ലെന്ന് അക്കാലത്തു ഒരു പക്ഷേ മമ്മൂട്ടി പലരോടും പറഞ്ഞിട്ടുണ്ടാകാം എന്നാൽ തന്റെ സിനിമയിൽ ഒരു കുഴപ്പവുമില്ലാതെ അദ്ദേഹം കോമഡി ചെയ്തിട്ടുണ്ടെന്നും ഫാസിൽ ഓർക്കുന്നു.
കോമഡിയല്ല കോമാളിത്തരവും കോപ്രായവുമാണ് ഹരികൃഷ്ണൻസിൽ കാണിക്കേണ്ടിയിരുന്നത്. ലാൽ ഓരോ കാര്യം ചെയ്യുമ്പോൾ മമ്മൂട്ടി മാറി നിന്നു ചിരിച്ചു. പിന്നെ ഏവരെയും ഞെട്ടിക്കുന്ന തരത്തിൽ മോഹൻലാലിനെ വെല്ലുന്ന തരത്തിൽ ഓരോ കോമഡി സീനുകളും മമ്മൂട്ടി ഭംഗിയായി ചെയ്തു ഇതിൽ ഏതാണ് മികച്ചതെന്ന ചോദ്യത്തിന് തനിക്ക് ഉത്തരം നൽകാൻ കഴിയില്ലെന്ന് ഫാസിൽ പറയുന്നു. ബോളിവുഡ് സൂപ്പർ സ്റ്റാർ ദിലീപ് കുമാറിനെ വിളിക്കുന്നത് പോലെ മമ്മൂട്ടിയെ ബ്രെയിൻ ഉള്ള ആക്ടർ എന്ന് വിളിക്കാമെന്ന് ഫാസിൽ പറയുന്നു. മമ്മൂട്ടിയെ ഏറ്റവും നന്നായി വിലയിരുത്തുന്നതും വിശകലനം ചെയ്യുന്നതും അദ്ദേഹം തന്നെയാണ് എന്നും ഫാസിൽ പറയുന്നു.
മമ്മൂട്ടിയെ ഒരു ജന്മനാ ഉള്ള നടൻ എന്ന് വിളിക്കാമോ ഇല്ലയോ എന്ന് തനിക്കറിയില്ലെന്നും എന്നാൽ കഠിനാധ്വാനത്തിലൂടെയാണ് മമ്മൂട്ടി ഈ നേട്ടം കൈവരിച്ചതെന്നും ഫാസിൽ പറയുന്നു. രസകരമായ മറ്റൊരു അഭിപ്രായം കൂടി ഫാസിൽ പങ്കുവെക്കുന്നു. മമ്മൂട്ടിയുടെ ഏറ്റവും മികച്ച പ്രകടനമുള്ള ചിത്രമായി ഫാസിൽ തിരഞ്ഞെടുത്തത് രാജമാണിക്യത്തെയാണ്. ആ ചിത്രത്തിൽ അഭിനയത്തിന്റെ എല്ലാതലങ്ങളും മമ്മൂട്ടി കൈകാര്യം ചെയ്യുന്നുണ്ട് എന്ന് ഫാസിൽ പറയുന്നു. അഭിനയത്തിലെ വിവിധ തലങ്ങളായ വേഷം, ചലനം, ഭാഷ, ഹാസ്യം, വൈകാരിക ഭാവങ്ങൾ എന്നിവയ്ക്ക് വേണ്ടതെല്ലാം രാജമാണിക്യത്തിലുണ്ടെന്നും അതിൽ മമ്മൂട്ടി തകർക്കുകയായിരുന്നു എന്നും ഫാസിൽ പറയുന്നു. അദ്ദേഹത്തിന്റെ പ്രകടനങ്ങളിൽ രണ്ടാമത്തെ ചിത്രമാണ് ഹരികൃഷ്ണനെന്ന് ഫാസിൽ പറയുന്നു.