”ലാലും കമലും കൂടി ഉണ്ണികളുമായി വന്ന് കഥ പറഞ്ഞിട്ട് 35 വർഷങ്ങൾ” സഫീർ അഹമ്മദിന്റെ കുറിപ്പ് വൈറലാവുന്നു

325
ADVERTISEMENT
മോഹൻലാൽ സിനിമകളുടെ ആസ്വാദന കുറിപ്പ് എഴുതി പ്രശസ്തനായ സഫീർ അഹമ്മദ് മോഹൻലാൽ കമൽ കൂട്ട് കെട്ടിൽ പിറന്ന ഉണ്ണികളേ ഒരു കഥപറയാൻ എന്ന ചിത്രത്തിന്റെ മുപ്പത്തിയഞ്ചാം വാർഷികം പ്രമാണിച്ചു എഴുതിയ കുറിപ്പ് ഇപ്പോൾ വൈറലായിരിക്കുകയാണ് . മോഹൻലാലിന്റെ ഒരു കടുത്ത ആരാധകൻ കൂടിയാണ് സഫീർ അഹമ്മദ്.
എബിയുടെയും കുട്ടികളുടെയും അനാഥത്വവും വേദനയും സ്നേഹവും പ്രതീക്ഷയും ഒപ്പം എബിയുടെയും ആനിയുടെയും പ്രണയവും ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമയിലൂടെ കമൽ-ജോൺപോൾ-മോഹൻലാൽ കൂട്ടുക്കെട്ട് തിരശ്ശീലയിൽ അവതരിപ്പിച്ചിട്ട്,പ്രേക്ഷകർ അത് നെഞ്ചിലേറ്റിയിട്ട് ജൂലൈ മൂന്നിന്,ഇന്നേയ്ക്ക് മുപ്പത്തിയഞ്ച് വർഷങ്ങളായി.
കുതിര കുളമ്പടി ശബ്ദത്തിൻ്റെ അകമ്പടിയോടെ ഓടകുഴൽ നാദത്തിൽ തുടങ്ങുന്ന സിനിമ,ആ ഓടകുഴൽ നാദത്തിൻ്റെ മനോഹാരിത സിനിമയുടെ അവസാനം വരെ നിലനിർത്താൻ കമൽ എന്ന താരതമ്യേന പുതുമുഖ സംവിധായകന് സാധിച്ചു. ഉണ്ണികളെ ഒരു കഥ പറയാം,പേരിൽ ഉണ്ണികളോട് കഥ പറയാമെന്നാണെങ്കിലും കമൽ നമ്മളോട് പറഞ്ഞത് എബി എന്ന അനാഥൻ്റെയും തെരുവിലേക്ക് എടുത്തെറിയപ്പെട്ട ഒരു കൂട്ടം അനാഥ കുട്ടികളുടെയും കഥയാണ്. ഒരു ചെറുകഥയുടെ ലാളിത്യവും ഭംഗിയും ഒക്കെ ഒത്തിണങ്ങിയ മനോഹരമായ ഒരു സിനിമ, അതാണ് കമലിൻ്റെ ഉണ്ണികളെ ഒരു കഥ പറയാം.
ഒരു മനുഷ്യനെ സംബന്ധിച്ച് ഏറ്റവും വേദനാജനകമായ അവസ്ഥ ആയിരിക്കും അച്ഛനും അമ്മയും ആരാണെന്ന് അറിയാതെ,ബന്ധുക്കൾ ആരുമില്ലാതെ, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരോരും ഇല്ലാതെ അനാഥൻ ആയിരിക്കുക എന്നത്,അനാഥത്വം അനുഭവിക്കുക എന്നത്. കഠിനമായ വേദനയും പേറി ആയിരിക്കും ഓരോ അനാഥനും ഈ ലോകത്ത് ജീവിച്ചിരിക്കുന്നത്. അനാഥനായ നായകൻ/നായിക,അവരുടെ കഥ എന്നും സിനിമാക്കാരുടെ ഇഷ്ട വിഷയങ്ങളിലൊന്നാണ്,ഒട്ടനവധി സിനിമകൾ അനാഥരുടെ കഥകൾ പറഞ്ഞ് പ്രേക്ഷക പ്രീതി നേടിയിട്ടുമുണ്ട്. എന്നാൽ പതിവിന് വിപരീതമായി ഒരു കൂട്ടം അനാഥരുടെ കഥ പറഞ്ഞതാണ് ഉണ്ണികളുടെ ഒരു കഥ പറയാം എന്ന സിനിമയുടെ പുതുമയും പ്രത്യേകതയും.
എബി,ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമയിലെ നായക കഥാപാത്രം,അനാഥനായി തെരുവോരങ്ങൾ കൊടും യാതനകൾ അനുഭവിച്ച്,പിന്നീട് സ്നേഹ സമ്പന്നതയുടെ ഊഷ്മളതയിൽ ജീവിച്ച്, വീണ്ടും ഒരു സുപ്രഭാതത്തിൽ തെരുവിലേയ്ക്ക് തിരിച്ചെറിയപ്പെട്ട്, ഒരു കൂട്ടം അനാഥ കുട്ടികൾക്ക് ആശ്രയവും അഭയവും ആകുന്ന കഥാപാത്രം,ആ കഥാപാത്രത്തെ മോഹൻലാൽ ഗംഭീരമായി തന്നെ അവതരിപ്പിച്ചു. പക്ഷെ നിർഭാഗ്യവശാൽ ഇതിലെ മോഹൻലാലിൻ്റെ മികച്ച പ്രകടനത്തെ എവിടെയും അധികം പരാമർശിക്കപ്പെട്ടതായി കണ്ടിട്ടില്ല..ഒരു പക്ഷെ നാടകീയതയും അതിഭാവുകത്വവും ആവശ്യപ്പെടുന്ന കഥാപാത്രമായിട്ട് കൂടി അത് കൊടുക്കാതെ വളരെ സ്വഭാവികമായി മോഹൻലാൽ ആ കഥാപാത്രത്തെ അവതരിപ്പിച്ചത് കൊണ്ടായിരിക്കാം എബി എന്ന കഥാപാത്രത്തെ,മോഹൻലാലിൻ്റെ പ്രകടനത്തെ അക്കാലത്ത് ആരും വാഴ്ത്തിപ്പാടാതിരുന്നത്..മികച്ച നടൻ അല്ലെങ്കിൽ മികച്ച പ്രകടനം എന്നാൽ സെൻ്റിമെൻ്റൽ സീനിലെ അതിനാടകീയ അഭിനയം എന്നാണല്ലൊ പൊതുവെ ഉണ്ടായിരുന്ന സങ്കൽപ്പം,ഭൂരിപക്ഷം പ്രേക്ഷകരുടെയും അവാർഡ് ജൂറിയുടെയും.
1986ൽ മലയാള സിനിമയിലെ പുതിയ താരമായി ഉദിച്ചുയർന്ന മോഹൻലാലിനെ, അദ്ദേഹത്തിൻ്റെ താരപരിവേഷം ഒട്ടും തന്നെ എബി എന്ന കഥാപാത്രത്തിലേക്ക് അടിച്ചേല്പ്പിക്കാതെ,ചൂഷണം ചെയ്യാതെ അവതരിപ്പിച്ചു എന്നതിന് കമൽ എന്ന സംവിധായകനെ അഭിനന്ദിച്ചേ മതിയാകൂ. അതും കമലിൻ്റെ ആദ്യ സിനിമ, മോഹൻലാൽ നായകനായ ‘മിഴിനീർപ്പുവുകൾ’,ബോക്സ് ഓഫീസിൽ പരാജയം രുചിച്ചിട്ട് പോലും കമൽ മോഹൻലാലിൻ്റെ താര പരിവേഷം ഉപയോഗപ്പെടുത്താൻ ശ്രമിച്ചില്ല എന്നത് എടുത്ത് പറയേണ്ട കാര്യം തന്നെയാണ്.
‘തെരുവിൽ നിന്ന് കിട്ടിയതാണ് ഇവരെ, അച്ഛനും അമ്മയും ആരാണെന്നറിയാതെ, സ്നേഹം എന്താണെന്ന് അറിയാതെ,തെരുവിലെ അഴുക്ക് ചാലുകളിൽ ആർക്കും വേണ്ടാതെ വളരാൻ വിധിക്കപ്പെട്ടവർ, അനാഥർ, ഓർഫൻസ്,’ എബി തൻ്റെയും കുട്ടികളുടെയും കഥ ഫാദറിനോട് പറഞ്ഞ് തുടങ്ങുന്നത് ഇങ്ങനെയാണ്. സ്വർഗദൂതനെ പോലെ എബിയുടെ ജീവിതത്തിലേക്ക് കടന്ന് വന്ന്,എബിയുടെ രക്ഷകനായി,ഡാഡിയായി മാറുന്ന തോമസ് എബ്രഹാം എന്ന സോമൻ്റെ കഥാപാത്രം,ആ കഥാപാത്രത്തിന് എബിയോടുള്ള സ്നേഹവും വാൽസല്യവും ഒക്കെ ഏതാനും സീനുകളിലൂടെ,ഒരു ഒറ്റ ഡയലോഗിൻ്റെ അകമ്പടി പോലും ഇല്ലാതെ പ്രേക്ഷക മനസിലേക്ക് എത്തിക്കാൻ കമലിന് സാധിച്ചു..സകല സൗഭാഗ്യങ്ങളും നിറഞ്ഞ എബിയുടെ കോളേജ് ലൈഫ്,അവിടത്തെ ക്രിക്കറ്റ് കളി-നാടകം,ഡാഡി മരിക്കുന്നതോട് വെറും കൈയ്യോടെ വീണ്ടും തെരുവിലേക്ക് എറിയപ്പെട്ട എബി,എബിയോടൊപ്പം കൂടുന്ന അനാഥകുട്ടികൾ,ഈ ഫ്ളാഷ്ബാക്ക് രംഗങ്ങൾ ഒക്കെ വളരെ ഹൃദയസ്പർശിയായിട്ടാണ് കമൽ അവതരിപ്പിച്ചിരിക്കുന്നത്.
‘എനിക്ക് ആരുമില്ല, ഞാൻ ചേട്ടൻ്റെ കൂടെ പോന്നോട്ടെ’ എന്ന് ഒരു കുട്ടി ചോദിക്കുമ്പോൾ അവനെ കെട്ടിപ്പിടിച്ച് ചിരിച്ച് കൊണ്ട് എബി പറയുന്ന ഡയലോഗ് ‘നിന്നെക്കാളും വലിയ തെണ്ടിയാടാ ഞാൻ, വലിയൊരു തെണ്ടി’,പ്രേക്ഷകരെ ഒരുപാട് നൊമ്പരപ്പെടുത്തിയ ഡയലോഗും രംഗവുമാണത്.
ആനിയുടെയും എബിയുടെയും പ്രണയം, ഉണ്ണികളെ ഒരു കഥ പറയാം പ്രേക്ഷകർക്ക് ഹൃദ്യമാകുന്നതിൽ മുഖ്യ പങ്ക് വഹിച്ച ഘടകങ്ങളിലൊന്ന്,വളരെ ഭംഗിയോടെ അവതരിപ്പിക്കപ്പെട്ട പ്രണയം. തൻ്റെ പിറന്നാളിന് കുഞ്ഞാടുകളെ മേയ്ക്കുന്ന ആട്ടിടയന് പുല്ലാങ്കുഴൽ സമ്മാനിക്കുന്ന ആനി,പിറന്നാളിന് ഞാൻ അല്ലെ അങ്ങോട്ട് സമ്മാനം തരേണ്ടത് എന്ന് ചോദിക്കുന്ന എബി,തന്നോളൂ വാങ്ങിക്കാൻ റെഡി എന്ന് പറയുന്ന ആനി,എന്താ വേണ്ടത് എന്ന് ചോദിക്കുന്ന എബി,എന്തും ചോദിക്കാമൊ എന്ന് ആനി,ചോദിച്ചോളൂ എന്ന് എബി. ഈ രംഗത്തിലെ ഡയലോഗുകൾക്കിടയിൽ കണ്ണുകളിൽ പ്രണയം പറയാൻ വെമ്പൽ കൊള്ളുന്ന ആനിയുടെയും എബിയുടെയും ക്ലോസ് ഷോട്സ്,തുടർന്ന് ‘ഈ കുഞ്ഞാടുകളിൽ ഒരാളായി എന്നെയും കൂടി ചേർക്കാമൊ’ എന്ന ആനിയുടെ ഡയലോഗും. ആനി തൻ്റെ മനസിൽ കൊണ്ട് നടക്കുന്ന പ്രണയം എബിയോട് പറഞ്ഞ രംഗം. ഒരു ചെറു പുഞ്ചിരിയാണ് എബി അതിന് മറുപടിയായി ആനിക്ക് നല്കിയത്, താൻ ആനിയിൽ നിന്നും കേൾക്കാൻ ആഗ്രഹിച്ച കാര്യം എന്ന് വ്യക്തം. എന്നാൽ എബിക്ക് ഒരു കാരണവശാലും തൻ്റെ പ്രണയം ആനിയോട് പറയാൻ സാധിക്കുമായിരുന്നില്ല,അയാളിലെ അനാഥൻ എന്ന അപകർഷതാബോധം അതിന് അനുവദിക്കുമായിരുന്നില്ല.
എത്ര ലളിതമായിട്ടാണ്,എത്ര മനോഹരമായിട്ടാണ് ജോൺപോൾ ആ രംഗം എഴുതിയിരിക്കുന്നത്. ഈ രംഗത്തിന് മോഹൻലാലും കാർത്തിയും കൊടുത്ത പ്രണയഭാവങ്ങൾ ആകർഷകമാണ്, പ്രേക്ഷകരുടെ മനസിൽ തൊടുന്നതാണ്..
മലയാള സിനിമയിലെ മികച്ച പ്രൊപ്പോസൽ രംഗങ്ങളിൽ ഒന്നാണിത് എന്നാണ് എൻ്റെ അഭിപ്രായം. ഈ പ്രൊപ്പോസൽ രംഗത്തിൻ്റെ തുടർന്നുള്ള രംഗങ്ങൾക്ക് കമൽ എന്ന സംവിധായകൻ കൊടുത്ത ദൃശാവിഷ്കാരം അതി ഗംഭീരമാണ്. കുന്നിൻ ചെരിവിലൂടെ,തടാക കരയിലൂടെ ഓടി വരുന്ന,കുന്നിൻ ചെരുവിൽ കുഞ്ഞാടുകളുടെ ഇടയിൽ ‘കാനനച്ഛായയിൽ ആട് മേയ്ക്കാൻ’ പാട്ടിൻ്റെ പശ്ചാത്തലത്തിൽ പരസ്പരം നോക്കി ഇരിക്കുന്ന ആനിയും എബിയും. കമൽ എന്ന സംവിധായകൻ്റെ കൈയ്യൊപ്പ് പതിഞ്ഞ,പ്രതിഭ എത്രത്തോളം ഉണ്ടെന്ന് വിളിച്ചോതിയ മനോഹരമായ ഫ്രെയിമുകൾ.
ഒട്ടനവധി ഹൃദയസ്പർശിയായ രംഗങ്ങളാൽ കോർത്തിണക്കിയതാണ് ഉണ്ണികളെ ഒരു കഥ പറയാം.
ആനിയെയും അനിയന്മാരെയും മുട്ടകൾ കൊണ്ട് എറിഞ്ഞതിന് കുട്ടികളെ എബി തല്ലുന്നത്,തുടർന്ന് രാത്രി അത്താഴം കഴിക്കാൻ വിളിക്കുമ്പോൾ കുട്ടികൾ പിണങ്ങി നില്ക്കുന്നതും എബി ഏത്തമിടുന്നതും,കുട്ടികളോട് സോറി പറഞ്ഞ് കൊണ്ട് ആനിയും കൂട്ടരും വരുന്നത്,ആനി കുട്ടികളുമായി കുതിര വണ്ടിയിൽ പോകുമ്പോൾ അപകടം ഉണ്ടായി ഒരു കുട്ടി മരിക്കുന്നത്,ആനിയുടെയും എബിയുടെയും പ്രണയം,ആനി തൻ്റെ ‘heaven of dreams’, സ്വപ്നങ്ങളുടെ സ്വർഗ്ഗത്തെ പറ്റി എബിയോട് പറയുന്നത്,എബി തൻ്റെ രോഗവിവരം ഫാദറിനോട് പറയുന്നത്,രോഗവിവരം അറിഞ്ഞ് ആനി എബി കാണാൻ വരുന്നത്,കുട്ടികളെ അനാഥാലയത്തിൽ ചേർക്കുന്ന കാര്യം ഫാദറിനോട് എബി പറയുന്നത്,എബി കുട്ടികളുമായി അവസാന അത്താഴം കഴിക്കുന്നത്,അവരെ ഫാദറിൻ്റെ കൂടെ അനാഥാലയത്തിലേക്ക് അയക്കുന്നത്, അവസാനം ശാന്തമായി എബി ഈ ലോകത്തോട് വിട പറഞ്ഞ് ഊഞ്ഞാലിൽ കിടക്കുന്നത്,അങ്ങനെ പ്രേക്ഷകരുടെ മനസിനെ ഒരുപാട് സ്പർശിച്ച, വേദനിപ്പിച്ച രംഗങ്ങൾ.
യശശ്ശരീരനായ ജോൺപോളിൻ്റെ രചന നൈപുണ്യത്തിനോടൊപ്പം ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിയെ മനോഹരമായ ഒരു അനുഭവം ആക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച മറ്റ് ഘടകങ്ങൾ ബിച്ചു തിരുമല-ഔസേപ്പച്ചൻ ടീമിൻ്റെ അതിമനോഹരമായ പാട്ടുകളും ഔസേപ്പച്ചൻ്റെ പശ്ചാത്തല സംഗീതവും കണ്ണിന് കുളിർമ നല്കുന്ന എസ്.കുമാറിൻ്റെ ഛായാഗ്രഹണവും ആണ്. എബിയും കുട്ടികളും കൂടി തടാകക്കരയിൽ അവരുടെ കുഞ്ഞ് വീട് കെട്ടുമ്പോൾ ഉള്ള പാട്ടിലെ വരികൾ ശ്രദ്ധയമാണ് . ‘വാഴപൂങ്കിളികൾ ഒരുപിടി നാര് കൊണ്ട് ചെറുകൂടുകൾ മെടയും’,ബിച്ചു തിരുമലയുടെ അർത്ഥവത്തായ വരികൾ.
കഥയോട്,കഥാസന്ദർഭങ്ങളോട് ഇഴുകി ചേർന്ന് നില്ക്കുന്ന വരികൾ,ആ വരികളുടെ ഭംഗി കൂട്ടുന്ന മികച്ച ഈണങ്ങൾ,അതാണ് ബിച്ചുതിരുമലയും ഔസേപ്പച്ചനും കൂടെ ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമയിലൂടെ സമ്മാനിച്ചത്,മലയാള സിനിമ ഗാനശാഖയിലെ മികച്ച ഗാനങ്ങൾ. 1987 ലെ മികച്ച ഗായകനുള്ള ദേശീയ അവാർഡ് യേശുദാസിന് ഉണ്ണികളെ ഒരു കഥ പറയാം എന്ന പാട്ടിലൂടെ ലഭിച്ചു. പല സിനിമകളിലും ആ സിനിമയിലെ പ്രധാന പാട്ട് അഥവാ തീം സോങ് രണ്ട് പ്രാവശ്യം കഥാസന്ദർഭങ്ങളിൽ വരുന്നതായി ഒക്കെ കണ്ടിട്ടുണ്ട്,പക്ഷെ ഈ സിനിമയിൽ ഉണ്ണികളെ ഒരു കഥ പറയാം എന്ന പാട്ട് മൂന്ന് പ്രാവശ്യമാണ് കമൽ അവതരിപ്പിച്ചിരിക്കുന്നത്. ‘പുഞ്ചിരിയുടെ പൂവിളികളിൽ’ എന്ന പാട്ടിൻ്റെ അനുപല്ലവിയിലെ ‘മാതളത്തേൻ കൂട്ടിൽ താമസിക്കും കാറ്റേ’ ഭാഗത്തെ വരികളും ദൃശ്യങ്ങളും സുന്ദരമാണ്.
മോഹൻലാൽ-കമൽ കൂട്ടുക്കെട്ടിൽ പിറന്ന ഏഴ് സിനിമകളിൽ രണ്ടാമത്തെ സിനിമയാണ് 1987ൽ റിലീസ് ആയ ഉണ്ണികളെ ഒരു കഥ പറയാം. സഹസംവിധായകൻ ആയിരിക്കുമ്പോൾ തന്നെ കമലിൻ്റെ പ്രതിഭ മോഹൻലാൽ തിരിച്ചറിഞ്ഞിരിക്കണം,അതായിരിക്കാം മലയാള സിനിമയിലെ ഏറ്റവും വലിയ താരം ആയ വർഷം തന്നെ കമലിന് മോഹൻലാൽ ഡേറ്റ് കൊടുത്തതും അങ്ങനെ മിഴിനീർപ്പൂവുകൾ എന്ന സിനിമ ഉണ്ടായതും,ആ സിനിമ പരാജയപ്പെട്ടിട്ട് കൂടി വീണ്ടും കമലിന് ഡേറ്റ് കൊടുത്തതും,അതും മോഹൻലാൽ തന്നെ സിനിമ നിർമ്മിച്ച് കൊണ്ട്. മോഹൻലാലിൻ്റെ സ്വന്തം പ്രൊഡക്ഷൻ കമ്പിനിയായ ചിയേഴ്സ് ആണ് ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമയുടെ നിർമ്മാതാക്കൾ.
ചിയേഴ്സിൻ്റെ ബാനറിൽ മോഹൻലാൽ നിർമാണ പങ്കാളിയായ നാല് സിനിമകളിൽ രണ്ട് സിനിമകൾ സംവിധാനം ചെയ്തിരിക്കുന്നത് കമൽ ആണ്,ഉണ്ണികളെ ഒരു കഥ പറയാം കൂടാതെ 1988 വിഷുവിന് റിലീസായ ഓർക്കാപ്പുറത്ത് എന്ന സിനിമയും. കമൽ എന്ന സംവിധായകൻ മലയാള സിനിമയിൽ സ്വന്തമായി ഒരു ഐഡൻൻ്റിറ്റി ഉണ്ടാക്കിയത്, മലയാള സിനിമയുടെ ഭാവി വാഗ്ദാനമാണെന്ന് വിളിച്ചോതിയത് ഉണ്ണികളെ ഒരു കഥ പറയാമിലൂടെയാണ്..അതിന് ശേഷം കമലിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല,മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായി അദ്ദേഹം മാറി.
എബി എന്ന കഥാപാത്രത്തെ കുഞ്ഞായിരിക്കുമ്പോൾ തെരുവോര സർക്കസുക്കാരൻ കട്ട് കൊണ്ട് വന്നതാണെന്ന് പറയുന്നുണ്ട് സിനിമയിൽ. ആ ഒരു ത്രെഡ് ഒന്ന് വികസിപ്പിച്ചതാകാം കമലിൻ്റെ തന്നെ കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന സിനിമ.
മോഹൻലാലിനെ കൂടാതെ തിലകൻ, സോമൻ,കാർത്തിക,ബാലതാരങ്ങൾ ഒക്കെ അവരവരുടെ കഥാപാത്രങ്ങളെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു. സിനിമ കാണുന്ന പ്രേക്ഷകന് താമസിക്കാൻ കൊതിക്കുന്ന രീതിയിൽ തടാകക്കരയിൽ എബിയുടെയും കുട്ടികളുടെയും കൊച്ച് കൂട് ഒരുക്കിയ കലാസംവിധായകൻ രാധാകൃഷ്ണൻ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.
1987 ജൂലൈ നാലിനാണ് ഞാൻ ഉണ്ണികളെ ഒരു കഥ പറയാം കാണുന്നത്,കൊടുങ്ങല്ലൂർ മുഗൾ തിയേറ്ററിൽ നിന്നും മോണിങ് ഷോ, എൻ്റെ ഇക്കയുടെ കൂടെ..അന്നത്തെ ഏഴാം ക്ലാസ്ക്കാരനായ എന്നെ ഒരുപാട് സ്വാധീനിച്ച സിനിമയാണിത്,ഒപ്പം നൊമ്പരപ്പെടുത്തിയതും. ഇനി പറയാൻ പോകുന്നത് കൗതുകകരമായ ഒരു കാര്യമാണ്..ടിക്കറ്റ് ചാർജ് വർദ്ധിപ്പിച്ചതിന് പ്രേക്ഷകർ തിയേറ്ററിന് മുന്നിൽ സമരം നടത്തിയായി കേട്ടിട്ടുണ്ടോ?കണ്ടിട്ടുണ്ടോ?എന്നാൽ അത്തരം രസകരമായ ഒരു സമരം മുഗൾ തിയേറ്റർ പരിസരത്ത് അന്ന് നടന്നിരുന്നു.
ഉണ്ണികളെ ഒരു കഥ പറയാം റിലീസ് ആയ ദിവസം മുതൽ മുഗൾ തിയേറ്ററിലെ ടിക്കറ്റ് ചാർജ് ഒരു രൂപയോളം വർദ്ധിപ്പിച്ചു..അതിൽ പ്രതിഷേധിച്ച് ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ പ്രേക്ഷകർ തിയേറ്ററിൻ്റെ മുന്നിൽ പന്തൽ കെട്ടി സമരം തുടങ്ങി. ടിക്കറ്റ് വർദ്ധനവിൻ്റെ കാര്യം ഒക്കെ സൂചിപ്പിച്ച് തിയേറ്ററിൽ നേരത്തെ തന്നെ പോസ്റ്റർ വന്നത് കൊണ്ടായിരിക്കാം ആദ്യ ദിവസം തന്നെ സമരക്കാരുടെ പന്തൽ ഉയർന്നത്.
സിനിമ കാണാൻ തിയേറ്റർ കോമ്പൗണ്ടിലേക്ക് കയറുന്നവരെയും സിനിമ കഴിഞ്ഞ് പുറത്തിറങ്ങുന്നവരെയും സമരക്കാർ സ്നേഹപൂർവ്വം ഉറക്കെ വിളിച്ചിരുന്നത് ‘കരിങ്കാലികളെ’ എന്നായിരുന്നു..ഞാനും ഇക്കയും ഒക്കെ ആ കരിങ്കാലി വിളി കേട്ടാണ് സിനിമ കാണാൻ കയറിയതും സിനിമ കഴിഞ്ഞ് ഇറങ്ങിയതും..അവസാനം സമരക്കാരുടെ പ്രതിഷേധം വിജയം കണ്ടു,വർദ്ധിപ്പിച്ച ടിക്കറ്റ് ചാർജിൽ തിയേറ്റർ മാനേജ്മെൻ്റ് ഇളവ് വരുത്തി.
കമൽ,ജീവിതത്തിൽ ആദ്യമായി ദൂരെ നിന്ന് നോക്കി കണ്ട സംവിധായകൻ..എൻ്റെ നാട്ടുകാരനാണ്,കൊടുങ്ങല്ലൂർക്കാരൻ. പൂക്കാലം വരവായി റിലീസ് ആകുന്നത് വരെ കമൽ താമസിച്ചിരുന്നത് കൊടുങ്ങല്ലൂരിലെ എറിയാട് ഗ്രാമത്തിൽ എൻ്റെ വീടിന് അടുത്തുള്ള അദ്ദേഹത്തിൻ്റെ തറവാട് വീട്ടിൽ ആയിരുന്നു. ഞങ്ങളുടെ എറിയാട് ചന്തയിലൂടെ കമൽ വിജയ് സൂപ്പർ സ്കൂട്ടർ ഓടിച്ച് പോകുന്നത് കൗതുകത്തോടെ നോക്കി നിന്നിരുന്നു ഞാൻ അക്കാലത്ത്. ചെറുപ്പം മുതൽ തന്നെ സിനിമാപ്രേമി ആയ ഞാൻ കമലിനെ ഒന്ന് പരിചയപ്പെടാൻ,സംസാരിക്കാൻ,കൂടെ നിന്ന് ഒരു ഫോട്ടൊ എടുക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. കമലിൻ്റെ കസിൻസിൽ ചിലർ എൻ്റെ അടുത്ത കൂട്ടുകാരായി ഉണ്ടായിരുന്നിട്ടും,കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്മാബി കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കമലിൻ്റെ ഭാര്യ സബൂറ ടീച്ചർ എൻ്റെ ഇംഗ്ലീഷ് ടീച്ചർ ആയിരുന്നിട്ടും,അങ്ങനെ പരിചയപ്പെടാൻ ഒരുപാട് അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും എനിക്കിത് വരെ കമലിനെ നേരിൽ കണ്ട് പരിചയപ്പെടാൻ സാധിച്ചിട്ടില്ല. ആ ഒരു വലിയ മോഹം ഇന്നുമൊരു മോഹമായി തന്നെ നിലനില്ക്കുന്നു.
1998 ക്രിസ്തുമസിന് റിലീസ് ആയ ‘അയാൾ കഥയെഴുതുകയാണ്’ എന്ന സിനിമയ്ക്ക് ശേഷം ഈ നീണ്ട ഇരുപ്പത്തിനാല് വർഷങ്ങളിൽ കമൽ-മോഹൻലാൽ ടീം വീണ്ടുമൊരു സിനിമയ്ക്കായി ഒന്നിച്ചിട്ടില്ല എന്നത് മലയാള സിനിമയ്ക്ക്,പ്രേക്ഷകർക്ക് വലിയൊരു നഷ്ടം തന്നെയാണ്..അവർ വീണ്ടും ഒന്നിച്ച് ഉണ്ണികളെക്കാൾ, ഉള്ളടക്കത്തെക്കാൾ,അയാൾ കഥയെഴുതുകയാണിനെക്കാൾ മികച്ച ഒരു സിനിമ നമുക്ക് സമ്മാനിക്കുമെന്ന് പ്രത്യാശിക്കാം.
സഫീർ അഹമ്മദ്
ADVERTISEMENT